എസ്ഐആറിൽ പുറത്താക്കൽ തുടർന്ന് കേന്ദ്രം

രാജ്യത്ത് വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യിലൂടെ ന്യൂനപക്ഷ സമുദായങ്ങളെ വേട്ടയാടുന്നത് തുടർന്ന് കേന്ദ്ര സർക്കാർ. എസ്‌ഐആറിന്റെ ആദ്യ മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ കോടിക്കണക്കിനാളുകളാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടത്. ഇതിൽ ഏറ്റവുമധികം വെട്ടിമാറ്റപ്പെട്ടത് ന്യൂനപക്ഷ സമൂഹത്തിൽ നിന്നുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മൂന്നാം ഘട്ട എസ്ഐആറിന്റെ കരട് പട്ടിക പുറത്തുവന്നപ്പോൾ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ന്യൂനപക്ഷ സമൂഹത്തിലെ ലക്ഷക്കണക്കിനാളുകൾ പട്ടികയിൽ നിന്ന് പുറത്തായി. മുസ്ലീം, ക്രിസ്ത്യൻ, ദലിത് സമുദായങ്ങളിൽ നിന്നുള്ളവരെയാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നത്.
തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിലെ എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള നിയമസഭാ സീറ്റുകളിൽ ഗണ്യമായ വെട്ടിക്കുറയ്ക്കലുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുംബൈയിലും മുംബൈ മെട്രോപൊളിറ്റൻ മേഖലയിലും മാത്രം 76 ലക്ഷം പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇത് ആകെ വോട്ടർമാരുടെ 35 ശതമാനമാണ്. മുംബൈയിൽ 25 ശതമാനം വോട്ടർമാരും മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവരാണ്. മുസ്‍ലിം സമുദായത്തിൽ നിന്ന് 40 ശതമാനത്തിലധികം വോട്ടർമാരെയാണ് ഇവിടെ നിന്നും നീക്കം ചെയ്തിരിക്കുന്നത്.
10 നിയോജകമണ്ഡലങ്ങളിലായി 35 ശതമാനത്തിലധികം ന്യൂനപക്ഷ വോട്ടർമാരെയാണ് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ചാന്ദിവാലിയിൽ 1,91,577 പേരെയും മൻഖുർദ് – ശിവാജിനഗറിൽ 1,46,912 പേരെയും മലദ് വെസ്റ്റിൽ 39 ശതമാനം വോട്ടർമാരെയും പുറത്താക്കി. 50 ശതമാനം മുസ്‍ലിം വോട്ടർമാരുള്ളുള്ള മുംബാദേവിയിൽ 38 ശതമാനം വോട്ടർമാരും 38.9 ശതമാനം മുസ്ലീങ്ങൾ താമസിക്കുന്ന ബൈക്കുളയിൽ 35 ശതമാനം വോട്ടർമാരുടെയും കുറവുണ്ടായി. വാൻഡ്രെ ഈസ്റ്റിൽ 35.1 ശതമാനവും മുസ്ലീങ്ങളും ദലിത് സമൂഹങ്ങൾ തിങ്ങിപ്പാർക്കുന്ന ധാരാവിയിൽ 35.8 ശതമാനം വോട്ടർമാരുടെയും കുറവ് രേഖപ്പെടുത്തി.
കുർള (എസ്‌സി), അന്ധേരി വെസ്റ്റ്, ഭിവണ്ടി ഈസ്റ്റ്, ഭിവണ്ടി വെസ്റ്റ്, താനെ, മുംബ്ര-കൽവ, നാഗ്പൂർ സെൻട്രൽ തുടങ്ങിയ മണ്ഡലങ്ങളിലും വ്യാപക വെട്ടിക്കുറക്കലുകളുണ്ടായി. പ്രതിപക്ഷ വോട്ടർമാരെ മാത്രം ലക്ഷ്യമിട്ട് ബോധപൂർവ്വമാണ് പേരുകൾ നീക്കം ചെയ്തതെന്ന് എൻസിപി-എസ്‌പിയും കോൺഗ്രസും ആരോപിച്ചു.




