മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്… ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഇല്ല…

കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ആന്റോ അഗസ്റ്റിന്റെ അഭിഭാഷകൻ അറിയിച്ചു. ആന്റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ ലേഖകനോടും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ഒരു പൊതുചടങ്ങിൽ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ ആന്റോ അഗസ്റ്റിൻ ഗുരുതര പരാമർശം നടത്തിയെന്നാണ് കേസ്.ആന്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ആന്റോ അഗസ്റ്റിനും മറ്റ് രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ കൈവശം സൂക്ഷിച്ചെന്നും എഫ്ഐആറിൽ പറയുന്നു. കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ഡിജിപി നിർദേശം നൽകുകയായിരുന്നു.കോടികൾ വിലമതിക്കുന്ന വിവാഹരേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചെന്നും ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെന്നും ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു. രേഖകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.വ്യാജരേഖ തയ്യാറാക്കിയവരെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തണമെന്നും രേഖകൾ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് രാജു പി. നായർ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.



