പത്മജയ്ക്ക് പരവതാനി വിരിച്ച് കോണ്‍ഗ്രസ്….കോൺഗ്രസിൽ ഇരട്ടനീതി…

തിരുവനന്തപുരം: ബി.ജെ.പി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാടും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിയും കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. പാർട്ടിയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതമെന്ന നേതൃത്വത്തിന്റെ നിലപാടിനൊപ്പം രാഹുലിന്റെ കാര്യത്തിൽ സ്വീകരിച്ച നടപടിയും താരതമ്യം ചെയ്താണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും ചോദ്യങ്ങൾ ഉയരുന്നത്.

2024 മാർച്ച് ഏഴിനാണ് പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. രണ്ടര വർഷത്തോളം ബി.ജെ.പിയിൽ പ്രവർത്തിച്ച ശേഷം നവംബർ 19ന് രാജി പ്രഖ്യാപിച്ചു. ബി.ജെ.പിയുടെ ആശയങ്ങളുമായി തനിക്ക് പൂർണമായി യോജിക്കാനായില്ലെന്നും പാർട്ടി വിടാനുള്ള തീരുമാനം വ്യക്തിപരമാണെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. കോൺഗ്രസിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പത്മജ പറഞ്ഞു.

പത്മജയുടെ രാജിക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അവരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു. എന്നാൽ പത്മജയുടെ മടങ്ങിവരവിനെതിരെ കോൺഗ്രസിനുള്ളിൽത്തന്നെ എതിർപ്പും ഉയർന്നിട്ടുണ്ട്. പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന ശേഷം കോൺഗ്രസിനെയും നേതൃത്വത്തെയും വിമർശിച്ച ഒരാളെ തിരികെ സ്വീകരിക്കുന്നതിൽ സാധാരണ പ്രവർത്തകരുടെ വികാരം പരിഗണിക്കണമെന്നാണ് വിമർശകരുടെ നിലപാട്. കോൺഗ്രസ് വക്താവ് ജിന്റോ ജോണും പത്മജയുടെ മടങ്ങിവരവിനെ പരസ്യമായി എതിർത്തിട്ടുണ്ട്.

Related Articles

Back to top button