ആത്മഹത്യയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു…. ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ….

ശാസ്താംകോട്ട: പാർക്കിൻസൺസ് രോഗം ബാധിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. പോരുവഴി ചാത്താകുളം ജിജി ഭവനിൽ ജോസ് ഡാനിയേൽ എന്ന അലക്സിനെ (64) കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ മറിയാമ്മ ജോസിനെ (59) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ 20ന് രാവിലെയാണ് ജോസിനെ മരിച്ച നിലയിൽ മറിയാമ്മ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജോസ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആശുപത്രിയിലും ബന്ധുക്കളോടും മറിയാമ്മ പറഞ്ഞതെന്നാണ് പൊലീസിന്റെ വിശദീകരണം.
എന്നാൽ കഴുത്തിലെ പാടുകളിലും ശരീരത്തിലെ ചെറിയ മുറിവുകളിലും അസ്വാഭാവികത തോന്നിയ ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹ പരിശോധന നടത്തിയ ശേഷം ജോസിന്റെ മൃതദേഹം ഇടവക പള്ളിയിൽ സംസ്കരിച്ചു. മൃതദേഹ പരിശോധനയുടെയും ഫൊറൻസിക് പരിശോധനയുടെയും ഫലങ്ങൾ പുറത്തുവന്നതോടെയാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവസമയത്ത് ജോസും മറിയാമ്മയും മാത്രമാണ് ചാത്താകുളത്തെ വീട്ടിലുണ്ടായിരുന്നത്. കഴുത്തിൽ പ്ലാസ്റ്റിക് ചരട് മുറുക്കി ജോസിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്ന് മറിയാമ്മ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.




