പത്തനംതിട്ട സിപിഎമ്മിലും വിവാദം….

പത്തനംതിട്ട: പാലക്കാടിന് പിന്നാലെ പത്തനംതിട്ട സിപിഎമ്മിലും വിവാദം. കോഴഞ്ചേരിയിൽ പാർട്ടി വിടാൻ കൂടുതൽ നേതാക്കൾ ഒരുങ്ങുകയാണ്. കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗത്തിന്റെ രാജി പരാതികൾ പൂഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഒരു ലോക്കൽ സെക്രട്ടറിക്കും മറ്റൊരു ഏരിയ കമ്മിറ്റി അംഗത്തിനും എതിരെ നൽകിയ പരാതികളാണ് പൂഴ്ത്തിയതായി ആരോപിക്കുന്നത്. സംസ്ഥാന സെക്രട്ടറിക്ക് നൽകിയ ഗൗരവമേറിയ പരാതികളിൽ പോലും നടപടിയില്ലെന്ന് നേതാക്കൾ പറയുന്നു.
ഇന്നലെ കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടിം ടൈറ്റസ് രാജിവെച്ചിരുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളെ തെരഞ്ഞെടുത്തതിലെ അതൃപ്തിയെ തുടർന്നാണ് രാജി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും ഒഴിയുമെന്ന് ടിം ടൈറ്റസ് അറിയിച്ചു. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ വിഭാഗീയത ശക്തമായതോടെ കഴിഞ്ഞ ദിവസം ഏരിയാ കമ്മിറ്റി യോഗം ചേരാൻ കഴിഞ്ഞില്ല.
ഇരവിപേരൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയത് 5 പേർ മാത്രമാണ്. അനർഹരെ ജില്ലാ നേതൃത്വത്തിൽ തിരികെ കയറ്റിയെന്ന് ആരോപിച്ച് തിരുവല്ല ഏരിയ കമ്മിറ്റിയിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന് പരാതിപ്രളയമാണ് ലഭിക്കുന്നത്. അതേസമയം, ബിജെപി വിട്ടെത്തിയയാളെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിൽ പ്രതിഷേധിച്ച് പന്തളം ഏരിയ കമ്മിറ്റിയിലെ പരസ്യ പ്രതിഷേധവും തുടരുകയാണ്.



