വ്യാജ കുടിവെള്ള നിർമ്മാണ കേന്ദ്രത്തിന് പൂട്ടുവീണു

പ്രമുഖ ബ്രാൻഡുകളുടെ പേരുകളിൽ കുഴൽക്കിണർ വെള്ളം അനധികൃതമായി കുപ്പികളിൽ നിറച്ച് വിൽപ്പന നടത്തിവന്ന സ്ഥാപനം ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധനയിലൂടെ അടച്ചുപൂട്ടി. തിരൂർ മാങ്ങാട്ടിരിയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിനെതിരെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടിയെടുത്തത്. സ്വന്തം സ്ഥാപനത്തിന് സമീപത്തെ കുഴൽക്കിണറിൽ നിന്നുള്ള വെള്ളമാണ് യാതൊരു ശുദ്ധീകരണവുമില്ലാതെ വിവിധ പ്രമുഖ കമ്പനികളുടെ വ്യാജ ലേബലുകൾ ഒട്ടിച്ച് ഇവർ വിപണിയിലെത്തിച്ചിരുന്നത്. സ്ഥാപനത്തിന് നിലവിൽ യാതൊരുവിധ പ്രവർത്തന ലൈസൻസും ഉണ്ടായിരുന്നില്ല. മുൻപുണ്ടായിരുന്ന ഡിസ്ട്രിബ്യൂഷൻ ലൈസൻസ് വിവിധ പരാതികളെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നേരത്തെ തന്നെ റദ്ദാക്കുകയും ക്ലോഷർ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ നോട്ടീസ് അവഗണിച്ച് ഇവർ തട്ടിപ്പ് തുടർന്നുപോരുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് വൻ വ്യാജ കുടിവെള്ള നിർമ്മാണം പുറത്തുവന്നത്. വ്യാജ വെള്ളം നിരവധിയളുകളിൽ വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണ്ണമായും തടഞ്ഞ് ഉദ്യോഗസ്ഥർ അടിയന്തരമായി അടച്ചുപൂട്ടുകയായിരുന്നു.

Related Articles

Back to top button