ബിജെപി ബിഗ് സീറോ… ജനം ആഗ്രഹിച്ച മാറ്റം കൊണ്ടുവരാനായില്ലെന്ന്….

കൊച്ചി: ജനം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്ന് നടൻ ദേവൻ. ബിജെപിക്ക് ദീർഘവീക്ഷണമില്ലെന്നും അവർ ‘ബിഗ് സീറോ’ ആണെന്നും ദേവൻ പ്രതികരിച്ചു. തമിഴ് നടൻ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ കേരള ഘടകത്തിന്റെ അധ്യക്ഷസ്ഥാനത്തേക്ക് ദേവൻ എത്തുമെന്ന സൂചനകൾക്കിടെയാണ് പ്രതികരണം. ടി.വി.കെ അധ്യക്ഷസ്ഥാനം നൽകാമെന്ന് വാക്കാൽ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഔദ്യോഗികമായി തീരുമാനം ആയിട്ടില്ലെന്നും ദേവൻ വ്യക്തമാക്കി.
സെപ്റ്റംബർ 10ന് വിജയിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. നിലവിലുള്ള രാഷ്ട്രീയ പാർട്ടികളെ മാറ്റിനിർത്തി പുതിയ ആശയങ്ങളുമായി മറ്റ് സംഘടനകൾ വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതാണ് ടി.വി.കെ മുന്നോട്ടുവയ്ക്കുന്നതെന്നും ദേവൻ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് കേരള പീപ്പിൾസ് പാർട്ടിയിലൂടെ താൻ മുന്നോട്ടുവച്ച ആശയങ്ങളാണ് ഇന്ന് ടി.വി.കെയും വിജയിയും മുന്നോട്ടുവയ്ക്കുന്നതെന്നും ദേവൻ അവകാശപ്പെട്ടു. വിജയ് ഒരിക്കലും ബിജെപിക്കൊപ്പം നിൽക്കില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വഴി മറ്റൊന്നാണെന്നും ദേവൻ കൂട്ടിച്ചേർത്തു.



