മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമം…. കോഴിക്കോട് ഗൃഹനാഥന്റെ വിരൽ കടിച്ചുമുറിച്ച് അക്രമിയുടെ രക്ഷപ്പെടൽ

കോഴിക്കോട് മുക്കത്ത് വീണ്ടും മോഷണശ്രമം. പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്റെ വിരൽ കടിച്ചുമുറിച്ചു. നെല്ലിക്കാപ്പറമ്പ് അങ്ങാടിക്ക് സമീപം താമസിക്കുന്ന താളത്തിൽ കോട്ടമ്മൽ വീട്ടിൽ ഹാരിസിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

പുലർച്ചെ മൂത്രമൊഴിക്കാനായി എഴുന്നേറ്റ ഹാരിസ്, ഡൈനിംഗ് ഹാളിന് സമീപം ഒരാളെ കാണുകയായിരുന്നു. സ്വന്തം മകനാണെന്ന് കരുതി വിളിച്ചെങ്കിലും ഇയാൾ അടുക്കള ഭാഗത്തേക്ക് ഓടി. അടുക്കള വാതിൽ പൂട്ടിയതിനാൽ മോഷ്ടാവിന് പുറത്തുപോകാൻ സാധിച്ചില്ല. ഈ അവസരത്തിൽ പിന്നാലെയെത്തിയ ഹാരിസ് ഇയാളെ പിടികൂടുകയായിരുന്നു. എന്നാൽ പിടിയിലായ മോഷ്ടാവ് ഹിന്ദിയിൽ ‘ഛോഡ്‌ദോ’ (വിടു) എന്ന് പറഞ്ഞ് കുതറി മാറാൻ ശ്രമിക്കുകയും, ഹാരിസിന്റെ കൈവിരലിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കടിയേറ്റ് കൈക്ക് ആഴത്തിൽ മുറിവേറ്റു. വേദന കൊണ്ട് പിടിവിട്ട തക്കത്തിന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

വീട്ടുകാരുടെ ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ഇയാൾ ഇതര സംസ്ഥാനക്കാരനാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ഹാരിസ് മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസെത്തി സ്ഥലത്ത് പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button