കടം വീട്ടാനായി എടുത്ത രണ്ടേകാൽ ലക്ഷം രൂപ ബേക്കറിയിൽ മറന്നുവെച്ചു….. മാതൃകയായി കടയുടമയുടെ സത്യസന്ധത

കോഴിക്കോട്: കടം വീട്ടാനായി ബാങ്കിൽ നിന്നെടുത്ത രണ്ടേകാൽ ലക്ഷം രൂപ ബേക്കറിയിൽ മറന്നുവെച്ച വടകര സ്വദേശിക്ക് പണം തിരികെ ലഭിച്ചു. ബേക്കറി ഉടമയായ ഇല്യാസിന്റെ സത്യസന്ധതയും മാനുഷിക പരിഗണനയുമാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം അജീഷിന് തിരികെ ലഭിക്കാൻ കാരണമായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അജീഷ് കടം വീട്ടാനായി ബാങ്കിൽ നിന്നും ലോണെടുത്ത പണവുമായി ഭാര്യ വീട്ടിലേക്ക് തിരിച്ചത്. യാത്രയ്ക്കിടയിൽ കോഴിക്കോട് പുതിയങ്ങാടിയിലെ റോസ് ബേക്കറിയിൽ ചായ കുടിക്കാനായി കയറി. എന്നാൽ ചായ കുടിച്ച് മടങ്ങിയപ്പോൾ പണം അടങ്ങിയ ബാഗ് അജീഷ് അവിടെ മറന്നുവെക്കുകയായിരുന്നു.
ബാഗ് ശ്രദ്ധയിൽപ്പെട്ട കടയുടമ ഇല്യാസ് പരിശോധിച്ചപ്പോഴാണ് വലിയ തുക അതിലുണ്ടെന്ന് മനസിലായത്. തന്റെ സ്വന്തം പ്രാരാബ്ധങ്ങൾക്കിടയിലും ബാഗ് മറന്നുവെച്ചയാളുടെ മാനസിക വിഷമത്തെക്കുറിച്ചാണ് ഇല്യാസ് ചിന്തിച്ചത്. കടയിലേക്ക് വന്ന ആളുകളോട് ഉടമയെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ ഏൽപ്പിക്കാമെന്ന് തീരുമാനിക്കുകയും പ്രാദേശിക വാട്സാപ് ഗ്രൂപ്പുകൾ വഴി വിവരം കൈമാറുകയും ചെയ്തു. പണം നഷ്ടപ്പെട്ട നിരാശയിൽ എല്ലാ സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയ അജീഷ് ഒടുവിൽ ബേക്കറിയിലെത്തുകയും, ബാഗ് സുരക്ഷിതമാണെന്ന് അറിയുകയും ചെയ്തു. തുടർന്ന് പണത്തിന്റെ കണക്കുകൾ ചോദിച്ചുറപ്പു വരുത്തിയ ശേഷം നാട്ടുകാരുടെ മുന്നിൽ വെച്ച് ഇല്യാസ് ബാഗ് അജീഷിന് തിരികെ കൈമാറി.



