നിയമസഭ സമ്മേളനം മെയ് 21 മുതൽ…. ജി. സുധാകരൻ പ്രോ ടേം സ്പീക്കർ…. സ്പീക്കർ തിരഞ്ഞെടുപ്പ് 22-ന്

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ഭരണനടപടികൾ വേഗത്തിലാക്കി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സഭയുടെ കലണ്ടർ സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

മെയ് 21-ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. മെയ് 22-ന് നിയമസഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കും. സഭയിലെ ഏറ്റവും മുതിർന്ന അംഗവും അമ്പലപ്പുഴ എംഎൽഎയുമായ മുൻമന്ത്രി ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കാൻ തീരുമാനിച്ചു. ഗവർണറുടെ അനുമതി ലഭിക്കുന്നതനുസരിച്ച് മെയ് 29-ന് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടക്കും.

ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര, വയോജന വകുപ്പ് രൂപീകരണം, ആശ വർക്കർമാരുടെ ആനുകൂല്യങ്ങൾ തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങൾക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു. അടുത്ത മന്ത്രിസഭാ യോഗം വരുന്ന ബുധനാഴ്ച ചേരുമെന്നും വി.ഡി. സതീശൻ അറിയിച്ചു.

Related Articles

Back to top button