വീണ വീണു..തുടക്കം മുതൽ ലീഡ് നിലനിർത്തി അബിൻ വർക്കി.. കേരളത്തിൽ നിറയുന്നത് ഭരണവിരുദ്ധ വികാരമോ?…

ആറൻമുള: ആരോഗ്യമന്ത്രി വീണ ജോർജിനെ തകർത്ത് തരിപ്പണമാക്കി കോൺഗ്രസ് അബിൻ വർക്കി. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽത്തന്നെ ലീഡ് നിലനിർത്താൻ അബിൻ വർക്കിയ്ക്ക് സാധിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിലെ രാഷ്ട്രീയ പരീക്ഷണശാലയായ ആറന്മുള നിയമസഭ മണ്ഡലം ഇത്തവണ സാക്ഷ്യം വഹിച്ചത് അതിശക്തമായ ത്രികോണ പോരാട്ടത്തിനാണ്. ആറന്മുള കണ്ണാടിയുടെ തിളക്കവും പള്ളിയോടങ്ങളുടെ താളവുമുള്ള മണ്ണിൽ ഇത്തവണ രാഷ്ട്രീയ പോരാട്ടത്തിന് പുതിയൊരു മുഖമായിരുന്നു.
കഴിഞ്ഞ രണ്ടു തവണയും ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം വിജയം തേടി വീണാ ജോർജ് എത്തിയപ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് ഇറക്കിയത് കെ.എസ്.യു മുൻ സംസ്ഥാന ഭാരവാഹിയും യുവത്വത്തിന്റെ പ്രതീകവുമായ അബിൻ വർക്കി കോടിയാട്ടിനെയാണ്. എന്നാൽ ഇവരെ രണ്ടുപേരെയും വെല്ലുവിളിച്ച് മുൻ മിസോറാം ഗവർണറും ബി.ജെ.പിയുടെ പ്രമുഖ മുഖവുമായ കുമ്മനം രാജശേഖരൻ കൂടി എൻ.ഡി.എ സ്ഥാനാർത്ഥിയായി എത്തിയതോടെ ആറന്മുളയിലെ മത്സരം പ്രവചനാതീതമായി.
കഴിഞ്ഞ തവണത്തെ 19,003 വോട്ടിൻ്റെ വൻ ഭൂരിപക്ഷവും മണ്ഡലത്തിൽ നടപ്പിലാക്കിയ ആരോഗ്യ-വികസന പ്രവർത്തനങ്ങളും മുൻനിർത്തിയാണ് വീണാ ജോർജ് വോട്ട് തേടിയത്. കഴിഞ്ഞ വർഷങ്ങളിൽ ആറന്മുള മണ്ഡലത്തിൽ നടപ്പിലാക്കിയ റോഡ്, പാലം, കുടിവെള്ള പദ്ധതികൾ എന്നിവയാണ് എൽ.ഡി.എഫിൻ്റെ പ്രധാന പ്രചാരണായുധം. മന്ത്രിയെന്ന നിലയിലുള്ള വീണാ ജോർജിൻ്റെ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിൻ്റെ പ്രതീക്ഷ.
മണ്ഡലത്തിലെ ഭരണവിരുദ്ധ വികാരവും വികസന മുരടിപ്പും പ്രധാന ആയുധമാക്കിയ അബിൻ വർക്കി, യുവാക്കളുടെയും സാധാരണക്കാരുടെയും പിന്തുണയോടെ വിജയം ഉറപ്പാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അബിൻ വർക്കിയുടെ ജനകീയ ഇടപെടലുകളും യുവത്വത്തിന്റെ പോരാട്ട വീര്യവും മണ്ഡലത്തിൽ വലിയ ഓളമുണ്ടാക്കിയിട്ടുണ്ട്. ആറന്മുളയിൽ ഇത്തവണ വൻ അട്ടിമറി വിജയം യു.ഡി.എഫ് നേടുമെന്നതിൽ ഒരു സംശയവുമില്ലെന്ന് അബിൻ വർക്കി നേരത്തെത്തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചു കഴിഞ്ഞിരുന്നു.



