വോട്ടെണ്ണൽ പുരോ​ഗമിക്കവെ അസാധാരണ സംഭവവികാസങ്ങൾ; ബത്തേരിയിലെത്തേണ്ട പോസ്റ്റൽ വോട്ടുകൾ എത്തിയത് കൽപ്പറ്റയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ

സുൽത്താൻ ബത്തേരി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ആശയക്കുഴപ്പം. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തേണ്ട 50 ഓളം പോസ്റ്റൽ വോട്ടുകൾ അടങ്ങിയ ഒരു കെട്ട് എത്തിയത് കൽപ്പറ്റയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർക്ക് പരാതി നൽകി യു.ഡി.എഫ്.

പോസ്റ്റൽ വോട്ടുകൾ എണ്ണുന്ന നടപടികളെ ഈ പിഴവ് നേരിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. സമാനമായ മറ്റൊരു നാടകീയ സംഭവം എറണാകുളം ജില്ലയിലെ കളമശ്ശേരിയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിൻറെ താക്കോൽ കാണാതായതിനെ തുടർന്ന് ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ചാണ് അകത്തുകയറിയത്. ഇതും വോട്ടെണ്ണൽ നടപടികൾ തുടങ്ങുന്നതിൽ ചെറിയ ആശങ്കയുണ്ടാക്കി.

1977ൽ രൂപീകൃതമായ സുൽത്താൻ ബത്തേരി മണ്ഡലം കാലങ്ങളായി ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന ചരിത്രമാണ് പറയാനുള്ളത്. മണ്ഡലം രൂപീകൃതമായ ശേഷം കേവലം രണ്ട് തവണ മാത്രമാണ് സി.പി.എമ്മിന് ഇവിടെ വിജയിക്കാനായത്. അതൊഴിച്ചു നിർത്തിയാൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും അപ്പുറം മറ്റൊരു രാഷ്ട്രീയ ശക്തിക്കും ഇവിടെ വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

സുൽത്താൻ ബത്തേരി നഗരസഭയും അമ്പലവയൽ, നെന്മേനി, നൂൽപ്പുഴ തുടങ്ങിയ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. പണിയ, കാട്ടുനായ്ക, കുറുമ്മ, അടിയ വിഭാഗങ്ങളുൾപ്പെടെയുള്ള പട്ടികവർഗ വോട്ടുകൾ ഇവിടെ നിർണ്ണായകമാണ്. കൂടാതെ, മധ്യതിരുവിതാംകൂറിൽ നിന്നുള്ള ക്രൈസ്തവ കർഷകരും വ്യാപാര മേഖലയിൽ സജീവമായ മുസ്ലീം വിഭാഗവും മണ്ഡലത്തിന്റെ രാഷ്ട്രീയ വിധി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യു.ഡി.എഫിലെ ഐ.സി. ബാലകൃഷ്ണൻ തന്നെയാണ് ഇത്തവണയും കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങുന്നത്. 2021ൽ 81,077 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. ഐ.സി. ബാലകൃഷ്ണൻ (UDF), എം.എസ്. വിശ്വനാഥൻ (LDF), കവിത എ.എസ് (BJP) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. കഴിഞ്ഞ തവണ ഐ.സി. ബാലകൃഷ്ണനോട് പൊരുതി തോറ്റ എം.എസ്. വിശ്വനാഥൻ തന്നെയാണ് ഇത്തവണയും ഇടതുമുന്നണിക്കായി രംഗത്തുള്ളത്

Related Articles

Back to top button