ലക്ഷ്മിപ്രിയയ്‌ക്കെതിരെ അൻസിബ ഹസൻ കോടതിയിൽ…. പൊലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം തന്നെ ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് അൻസിബയുടെ നീക്കം. തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അൻസിബ പരാതി നൽകിയത്.
വാട്‌സ്ആപ്പ് സന്ദേശം അയച്ചതുമായി ബന്ധപ്പെട്ടായിരുന്നു ലക്ഷ്മിപ്രിയ അൻസിബയ്‌ക്കെതിരെ തൃപ്പൂണിത്തുറ പൊലീസിൽ പരാതി നൽകിയിരുന്നത്. ഈ പരാതിയുടെ പുറത്ത് സ്റ്റേഷനിലെത്തിയ തനിക്ക് നേരെ ക്രൂരമായ മാനസിക പീഡനമാണ് ഉണ്ടായതെന്ന് അൻസിബ ആരോപിക്കുന്നു. ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐക്കും പുറമേ ലക്ഷ്മിപ്രിയയുടെ ഭർത്താവിനുമെതിരെ കേസെടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം.
നേരത്തെ, അൻസിബയുടെ ഈ പരാതിയിൽ തൃക്കാക്കര എസിപി അന്വേഷണം നടത്തുകയും ഇതിൽ കഴമ്പില്ലെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അൻസിബയുടെയും ലക്ഷ്മിപ്രിയയുടെയും മൊഴി എസിപി രേഖപ്പെടുത്തിയിരുന്നു. എന്നാൽ പൊലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് അൻസിബ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ മുൻപ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം സമർപ്പിച്ച ഈ ഹർജി കോടതി ഉടൻ തന്നെ പരിഗണിക്കുമെന്നാണ് വിവരം. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം ഇരുവർക്കുമിടയിൽ ഉടലെടുത്ത തർക്കങ്ങളാണ് ഇപ്പോൾ കോടതി വരാന്തയിലേക്ക് എത്തിയിരിക്കുന്നത്.



