അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം റിപ്പോർട്ട് ചെയ്തു. ധോണിക്കുണ്ട് ഊരിലെ രാജി-സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് പ്രസവശേഷം ഒരു മണിക്കൂറിനിടെ മരിച്ചത്. അനീമിയയാണ് (വിളർച്ച) മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം.
ഇതോടെ ഈ മാസം മാത്രം അട്ടപ്പാടിയിൽ മരണപ്പെടുന്ന മൂന്നാമത്തെ കുഞ്ഞാണിത്. കഴിഞ്ഞ ദിവസം 15 ദിവസം പ്രായമുള്ള ആൺകുട്ടിയും (വടക്കോട്ടത്തറ മുരുകേശിന്റെയും ശിവകാമിയുടെയും മകൻ), ഈ മാസം 21-ന് ഷോളയൂർ വെച്ചുപതി ഊരിലെ ജ്യോതിമണി-ബിജു ദമ്പതികളുടെ 20 ദിവസം പ്രായമായ ആൺകുഞ്ഞും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു. പോഷകാഹാരക്കുറവാണ് കുഞ്ഞുങ്ങളുടെ തുടർച്ചയായ മരണത്തിന് കാരണമെന്നാരോപിച്ച് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.



