ചേരാനല്ലൂർ ബെൻസ് അപകടം… കേസ് ഡിസിബിക്ക് കൈമാറി

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ അന്വേഷണം ഡിസിബിക്ക് കൈമാറി. ലോ ആൻഡ് ഓർഡർ എഐജി അനൂജ് പലിവാൾ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി. അപകടവുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ മൊഴി ഇന്നലെ എടുത്തിരുന്നെങ്കിലും ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നില്ല. അനുമതി ലഭിച്ചശേഷം ജഡ്ജിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തും. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി നൽകിയിട്ടുള്ളത്.
അതേസമയം, മകൻ അപകടമുണ്ടാക്കിയെന്നറിഞ്ഞ ഉടൻ പിതാവായ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയത് വീഴ്ചയാണെന്നാണ് റിപ്പോർട്ട്. പോർട്ട്ഫോളിയോ ജഡ്ജി ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഔദ്യോഗിക ആവശ്യത്തിനല്ലാതെ പൊലീസ് സ്റ്റേഷനിൽ പോകുമ്പോൾ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങേണ്ടതായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ജഡ്ജിയെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. അതിനിടെ, അപകടവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ 17കാരൻ തന്റെ ഇൻസ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്തു. നേരത്തേ വാഹനമോടിച്ചതിന്റെ തെളിവുകൾ നശിപ്പിക്കാനാണോ ഇതെന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അപകടമുണ്ടാക്കിയ 17കാരന് 25 വയസ്സ് തികയുന്നതുവരെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കാതിരിക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും. മോട്ടോർ വാഹന നിയമപ്രകാരം ലൈസൻസ് ലഭിക്കുന്നത് വിലക്കാനാണ് നീക്കം. അപകടത്തിൽപ്പെട്ട ബെൻസ് കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും.



