കേരള സ്കൂള്‍ കായികമേളയിലെ പ്രഭാതഭക്ഷണത്തില്‍ പുഴു… പരാതി ലഭിച്ചില്ലെന്ന് മന്ത്രി

കോഴിക്കോട്: കേരള സ്കൂള്‍ കായികമേളയിലെ ഭക്ഷണവിതരണത്തിൽ വീണ്ടും വിവാദം. കായികമേളയുടെ ഭാഗമായി ഇന്ന് നൽകിയ പ്രഭാത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. പുട്ടും പഴവുമാണ് പ്രഭാതഭക്ഷണമായി നൽകിയിരുന്നത്. ഇതിലാണ് പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് രക്ഷിതാക്കൾ സംഘാടകർക്ക് പരാതി നൽകുകയായിരുന്നു. ഇന്നലെ കുട്ടികൾക്ക് കൃത്യമായി ഭക്ഷണം ലഭിച്ചില്ലെന്ന പരാതിക്ക് പിന്നാലെയാണ് പുതിയ ആക്ഷേപവും ഉയർന്നിരിക്കുന്നത്.
എന്നാൽ, ഭക്ഷണത്തിൽ പുഴു കണ്ടെത്തിയെന്ന തരത്തിൽ ഇതുവരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി എന്‍. ഷംസുദ്ദീന്റെ പ്രതികരണം. മാധ്യമപ്രവർത്തകർ കായികമേളയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും, മറിച്ച് പരാതികൾ പെരുപ്പിച്ചു കാട്ടുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉണ്ടായ ചെറിയ പിഴവുകൾ പരിഹരിച്ചിട്ടുണ്ടെന്നും, ഇന്ന് രണ്ടായിരത്തിലധികം പേർക്ക് അധിക സൗകര്യം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷണശാലയ്ക്ക് പുറത്ത് തണൽ ഒരുക്കാനുള്ള സംവിധാനങ്ങളും ലൈറ്റിംഗ് സംവിധാനവും കാര്യക്ഷമമാക്കിയിട്ടുണ്ട്. വലിയ മേള നടക്കുമ്പോൾ സ്വാഭാവികമായും ചെറിയ പോരായ്മകൾ ഉണ്ടാകാമെന്നും, അവ പരമാവധി ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.



