റോഡ് മുറിച്ചുകടക്കവെ പിക്കപ്പ് വാനിടിച്ച് വയോധികൻ മരിച്ചു….

പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഭാര്യയ്ക്ക് ചായ വാങ്ങി തിരികെ വരുന്നതിനിടെ വയോധികൻ പിക്കപ്പ് വാനിടിച്ച് മരിച്ചു. ആവോലി നടുക്കര പുലിമല സ്വദേശി ബെന്നി വർക്കി (62) ആണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.

ഭാര്യ റൂബിക്ക് പനി ബാധിച്ചതിനെത്തുടർന്നാണ് ബെന്നി വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ തുണയായി എത്തിയത്. രാവിലെ ചായ വാങ്ങാനായി പുറത്തിറങ്ങിയ അദ്ദേഹം തിരികെ ആശുപത്രിയിലേക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്നു. തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന KL 38 L 8817 നമ്പറിലുള്ള പിക്കപ്പ് വാൻ ബെന്നിയെ ശക്തമായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബെന്നിയെ ഉടനടി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11:17-ഓടെ മരണം സംഭവിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമാക്കിയതെന്ന് ചൂണ്ടിക്കാട്ടി ബെന്നിയുടെ സഹോദരൻ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button