‘അമ്മ’യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും….കൺവീനർ…

കൊച്ചി: ‘അമ്മ’ സംഘടന ഇനി നയിക്കുക അഡ്‌ഹോക്ക് കമ്മിറ്റി. ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. രമേഷ് പിഷാരടിയാണ് കൺവീനർ. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ.

നാല് മാസമായിരിക്കും അഡ്‌ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്നത് അഡ്ഹോക്ക് കമ്മിറ്റി തീരുമാനിക്കും. നടൻ ജഗദീഷാണ് അഡ്ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

ഇന്ന് ചേര്‍ന്ന ‘അമ്മ’ ജനറല്‍ ബോഡി യോഗം വളരെ നാടകീയതയോടെയാണ് അവസാനിച്ചത്. അമ്മയിലെ 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു. പിന്നാലെ പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അമ്മയിലെ അംഗത്വവും രാജിവെക്കുന്നതായി ശ്വേത മേനോന്‍ പ്രഖ്യാപിച്ചു. തന്റെ ഭരണസമിതിക്കെതിരെ ഗൂഢാലോചന നടന്നെന്നും ശ്വേത ആരോപിച്ചു. പാവകളായില്ലെങ്കില്‍ ഈ സംഘടന ഓടിക്കാന്‍ പറ്റില്ലെന്നും അതിന് തനിക്ക് സാധിക്കില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു.

‘പണ്ട് കുറച്ച് സ്ത്രീകള്‍ പറഞ്ഞതു പോലെ ഇന്ന് എനിക്കും തോന്നി. കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടന വിട്ടുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ടയാണ്. അവിശ്വാസ പ്രമേയം ഒപ്പിടിച്ചു. നമ്മളെ അജണ്ട വെച്ച് പുറത്താക്കാന്‍ നോക്കി. ഞങ്ങളുടെ ഭരണസമിതി അധികാരത്തില്‍ വന്ന് സെപ്റ്റംബര്‍ ഒന്നാം തീയ്യതി തൊട്ടുള്ള എല്ലാ കണക്കും ശരിയാണ്. അതിന് മുമ്പ് ബാബുരാജ് ഏട്ടന്‍ അംഗമായ കമ്മിറ്റിയിലെ കണക്കില്‍ ഒരുപാട് കുഴപ്പമുണ്ട്. ഇന്നുവരെ അമ്മ സംഘടനയിലെ കാര്യം പുറത്ത് പറയാത്തത് ചെറിയ സംഘടനയായത് കൊണ്ടാണ്’, ശ്വേത മേനോന്‍ പറഞ്ഞു.

Related Articles

Back to top button