ശബരിമല ഇ ടെൻഡർ അട്ടിമറി; 210 കടമുറികളുടെ റീ ടെൻഡർ വിളിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിലെ കടമുറികളുടെ ഇ ടെൻഡർ അട്ടിമറിയിൽ റീ ടെൻഡർ വിളിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സന്നിധാനത്തെ 210 കടമുറികളുടെയാണ് റീ ടെൻഡറാണ് വിളിച്ചത്. ശബരിമലയിലെ കടമുറികൾക്കായുള്ള ടെൻഡർ വിവരം ചോർന്നതോടെ രണ്ട് ഘട്ടമായുള്ള ടെൻഡർ റദ്ദാക്കപ്പെട്ടിരുന്നു.
ടെൻഡർ വിവരം കരാറുകാർക്ക് ചോർന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചെന്നാണ് വിജിലൻസിന്റെ നിഗമനം. ആന്ധ്രയിലായിരുന്ന ദേവസ്വം വിജിലൻസ് എസ് പി സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കരാറുകാരുടെ മൊഴി വിജിലൻസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദേവസ്വം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം ഫോൺ രേഖകളും പരിശോധിക്കുമെന്ന് വിജിലൻസ് അറിയിച്ചു.
ടെൻഡർ വിവരം ചോർത്തിയതിൽ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ദേവസ്വം വിജിലൻസ് എസ്പിയോട് ബോർഡ് ഭരണസമിതി ആവശ്യപ്പെട്ടിട്ടുള്ളത്. വിജിലൻസ് എസ് പിയുടെ റിപ്പോർട്ട് നാളെ ലഭിക്കുമെന്നാണ് കരുതുന്നത്. തുടർന്ന് ബുധനാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.



