‘യുഡിഎഫിന്റെ ധവളപത്രം എഐ തട്ടിക്കൂട്ട്… രഹസ്യരേഖകൾ ചോർത്തി, സതീശൻ മറുപടി പറയണം’…. തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം പുറത്തിറക്കിയ ധവളപത്രം എഐ സഹായത്തോടെയാണ് തയ്യാറാക്കിയതെന്ന ഗുരുതര ആരോപണവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. ധവളപത്രത്തിന്റെ വലിയൊരു ഭാഗം എഐ വഴിയാണ് നിർമ്മിച്ചതെന്നും, മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിൽ വ്യക്തമായ മറുപടി നൽകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
ധനവകുപ്പിലെ അതീവ രഹസ്യ രേഖകളടക്കം എഐ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് വിശകലനം ചെയ്തത്. 195 പേജ് വരുന്ന ഇത്രയും വലിയൊരു രേഖ വെറും ഒരാഴ്ച്ച കൊണ്ട് തയ്യാറാക്കിയപ്പോൾ തന്നെ തനിക്ക് അത്ഭുതം തോന്നിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്ന് വ്യക്തമാക്കിയ തോമസ് ഐസക്, എന്നാൽ ഇവിടെ സംഭവിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി.
“പ്രശ്നം എഐ ഉപയോഗിച്ചതല്ല, മറിച്ച് ധനവകുപ്പിലെ ഔദ്യോഗിക രഹസ്യ രേഖകളെല്ലാം എഐ പ്ലാറ്റ്‌ഫോമുകളിലേക്ക് നൽകി പബ്ലിക് ഡൊമെയ്‌നിലേക്ക് എത്തിച്ചിരിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. രഹസ്യ രേഖകൾ വിശകലനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് പൂർണ്ണമായും വിരുദ്ധമാണിത്. സുപ്രീംകോടതിയും ഹൈക്കോടതിയും കേന്ദ്ര ധനകാര്യ വകുപ്പും കേരളാ സർക്കാരുമെല്ലാം ഇത് വിലക്കിയിട്ടുള്ളതാണ്. ഇവിടെ കടുത്ത ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ലംഘനമാണ് നടന്നത്.” – തോമസ് ഐസക് പറഞ്ഞു.
എഐ ഉപയോഗിച്ചതുകൊണ്ടാണ് ധവളപത്രത്തിൽ ഇത്രയധികം അബദ്ധങ്ങളും വസ്തുതാവിരുദ്ധമായ വിവരങ്ങളും കടന്നുകൂടിയതെന്ന് തോമസ് ഐസക് പരിഹസിച്ചു. കേരളത്തിലെ വികസന ചെലവ് മറ്റ് സംസ്ഥാനങ്ങളുടെ പകുതിയേക്കാൾ കുറവായി ധവളപത്രത്തിൽ കാണിച്ചപ്പോൾ അത്ഭുതം തോന്നിയിരുന്നു. എഐയിലെ റിസർവ്വ് ബാങ്ക് ഡാറ്റയാണ് അതിനായി അവർ ഉപയോഗിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന പണം ആർബിഐ ഡാറ്റയിൽ ഉൾപ്പെടില്ല. അതിന്റെ ഫലമായി ധവളപത്രത്തിലെ മൊത്തം കണക്കുകളും തെറ്റായി മാറി. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ജനസംഖ്യ അനുപാതത്തേക്കാൾ കൂടുതൽ തുക മാറ്റിവെക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ധവളപത്രം വന്നപ്പോൾ അത് എങ്ങനെ തിരിച്ചായി എന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാനം കടം വാങ്ങി മുടിഞ്ഞിരിക്കുകയാണ് എന്നൊരു തെറ്റായ പ്രതീതി ജനങ്ങളിൽ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച പരിധിക്കുള്ളിൽ നിന്ന് മാത്രമാണ് കേരളത്തിന് കടമെടുക്കാനാവുക എന്ന യാഥാർത്ഥ്യം നിലനിൽക്കെയാണിത്. രാഷ്ട്രീയ ലക്ഷ്യത്തോടെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് ധവളപത്രം ഉപയോഗിക്കുന്നത്. സർക്കാർ രേഖകൾ ഇത്തരത്തിൽ എഐ പ്ലാറ്റ്‌ഫോമുകൾക്ക് നൽകി കൈകാര്യം ചെയ്യുന്നത് ശരിയാണോ എന്ന് നിയമസഭാ സ്പീക്കർ പരിശോധിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.



