ഗോത്രബന്ധു അധ്യാപകരെ പിരിച്ചുവിട്ടത് കടുത്ത അന്യായം…. ജോലിയിൽ തിരിച്ചെടുക്കണം…. പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട മെന്റര്‍ അധ്യാപകരെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നല്‍കുന്നതിനുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മെന്റര്‍ അധ്യാപകരെ നിയമിച്ചത്. പിരിച്ചുവിട്ടതിനെ തുടർന്ന് പ്രക്ഷോഭ രംഗത്തുള്ള അധ്യാപകരുടെ ന്യായമായ ആവശ്യം അംഗീകരിച്ച്, അവരെ ജോലിയില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്യുന്ന 308 അധ്യാപകരെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ഗോത്രബന്ധു പദ്ധതി പ്രകാരം പ്രതിമാസം 21,900 രൂപ വേതനത്തില്‍ ഒന്ന് മുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നവരാണിവര്‍. ടിടിസി, ബിഎഡ് യോഗ്യതയുള്ള ഗോത്രവിഭാഗത്തിൽപ്പെട്ട യുവാക്കളെയാണ് ഈ ചുമതലയില്‍ നിയോഗിച്ചിരുന്നത്. നിലവിലുള്ള അധ്യാപകരെ ഈ അധ്യയന വര്‍ഷം ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പട്ടികവര്‍ഗ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് ഐടിഡിപി പ്രൊജക്ട് ഓഫീസര്‍മാര്‍ ഇതിനുള്ള ഉത്തരവിറക്കിയത്. സ്‌കൂള്‍ തുറന്നിട്ടും ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനായില്ലെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
2016ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഏറ്റവും വിപ്ലവകരമായ നടപടിയായിരുന്നു ആദിവാസി മെന്റര്‍ അധ്യാപക നിയമനമെന്ന് പിണറായി വിജയൻ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഗോത്ര വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിൽ ഇത്തരമൊരു സംരക്ഷണ പദ്ധതി പട്ടികവര്‍ഗ വകുപ്പുവഴി നടപ്പാക്കിയത്. ആദിവാസി വിദ്യര്‍ത്ഥികളുമായി അവരുടെ സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്തി പഠിപ്പിക്കാന്‍ ഇതുവഴി സാധിച്ചിരുന്നു. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കാനും ആദിവാസി വിഭാഗത്തിലുള്ളവർക്ക് തൊഴിൽ നൽകാനും ഈ പദ്ധതിക്ക് കഴിഞ്ഞു. ഒരേ സമയം ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുകയും ജോലി നല്‍കി ഗോത്ര കുടുംബങ്ങളെ സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ത്തുകയുമാണ് ഇതിലൂടെ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പിന്നാക്കമായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തില്‍പ്പെട്ടവരാണ് ഈ അധ്യാപകരില്‍ ഭൂരിഭാഗവും. ഏപ്രില്‍, മെയ് മാസങ്ങളിലെ വേനലവധിക്കാലത്തും ഇവർ വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഊരുകളിലെ വിദ്യാര്‍ത്ഥികളെ കണ്ടെത്തി സ്‌കൂളുകളില്‍ ചേര്‍ക്കാനും മറ്റുമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നവർക്കാണ് ഇപ്പോൾ പെട്ടെന്ന് ജോലി നഷ്ടപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.



