‘ഭരണസമിതി രാജിവെക്കണം’…ജംഗിൾ പാർക്കിലെ 5 വയസുകാരന്റെ മരണത്തിൽ കിഴക്കമ്പലം പഞ്ചായത്തിൽ പ്രതിപക്ഷ പ്രതിഷേധം

കിഴക്കമ്പലത്തെ ജംഗിള്‍ പാര്‍ക്കിലെ ചതുപ്പില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവത്തില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. ഭരണസമിതി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ വാദപ്രതിവാദങ്ങളുമായി പ്രസിഡന്റും സെക്രട്ടറിയും രംഗത്തെത്തി. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സെക്രട്ടറിക്കാണെന്ന് പ്രസിഡന്റ് ജിന്‍സി അജി ആവര്‍ത്തിച്ചു. സെക്രട്ടറിക്കെതിരെ നടപടി എടുക്കാന്‍ ശുപാര്‍ശ നല്‍കും. സെപ്റ്റംബറില്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന വിവരം മെമ്പര്‍ അറിഞ്ഞു. ലൈസന്‍സ് എടുക്കാന്‍ ഉടമകളോട് ആവശ്യപ്പെട്ടു.
പിന്നീട് കാര്യങ്ങള്‍ അന്വേഷിച്ചില്ല. ലൈസന്‍സ് കൊടുക്കേണ്ടത് സെക്രട്ടറിയുടെ ചുമതലയാണെന്നും പ്രസിഡന്റ് പറഞ്ഞു. ജംഗിള്‍ പാര്‍ക്കിന് ലൈസന്‍സില്ല എന്ന കാര്യം മെമ്പര്‍ ഭരണസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്ന് സെക്രട്ടറി ടി അജി പറഞ്ഞു. വാര്‍ഡില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയിക്കേണ്ടത് മെമ്പറാണ്. ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കാര്യം അറിയിച്ചില്ല. സ്ഥാപന ഉടമകള്‍ അപേക്ഷ വെച്ചിട്ടില്ല. ആകെ നല്‍കിയത് വിവരാവകാശരേഖയാണെന്നും സെക്രട്ടറി പറഞ്ഞു.



