ആക്ഷൻ സിനിമകളുടെ സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമാതാവുമായ സഞ്ജയ് ഗുപ്ത അന്തരിച്ചു. 57 വയസ്സായിരുന്നു. വീട്ടിലെ ബാത്ത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വെർസോവ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്ഷൻ, ക്രൈം ത്രില്ലർ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ സംവിധായകനായിരുന്നു സഞ്ജയ് ഗുപ്ത. ‘കാണ്ടേ’, ‘ഷൂട്ട്ഔട്ട് അറ്റ് വഡാല’, ‘കാബിൽ’ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയ സിനിമകളാണ്.
1994ൽ പുറത്തിറങ്ങിയ ‘ആതിഷ്: ഫീൽ ദ ഫയർ’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2002ൽ പുറത്തിറങ്ങിയ ‘കാണ്ടേ’യാണ് കരിയറിൽ വലിയ വഴിത്തിരിവായത്. അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, മഹേഷ് മഞ്ജരേക്കർ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരന്നു. മുംബൈയിലെ അധോലോകവും കുറ്റകൃത്യങ്ങളും പശ്ചാത്തലമാക്കിയുള്ള സിനിമകളിലൂടെയാണ് സഞ്ജയ് ഗുപ്ത കൂടുതൽ ശ്രദ്ധ നേടിയത്. ആക്ഷൻ രംഗങ്ങൾക്കും വ്യത്യസ്തമായ അവതരണശൈലിക്കും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പേരുകേട്ടവയായിരുന്നു. ഹോളിവുഡ്, കൊറിയൻ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പരീക്ഷണങ്ങളും സഞ്ജയ് ഗുപ്തയുടെ സിനിമകളുടെ പ്രത്യേകതയായിരുന്നു.



