കാറിലെത്തിയ കുടുംബത്തിനു നേരെ മദ്യലഹരിയിൽ പൊലീസുകാരന്റെ….

തിരുവനന്തപുരം: വിഴിഞ്ഞത്ത് മദ്യലഹരിയിൽ പൊലീസുകാരന്റെ ആക്രമണം. കാറിലെത്തിയ കുടുംബത്തെ മറൈൻ എൻഫോഴ്സ്മെന്റിലെ പൊലീസ് ഉദ്യോഗസ്ഥനായ ടിജു ആക്രമിച്ചതായാണ് പരാതി. മുക്കോല സ്വദേശി ശന്തനുവിനും കുടുംബത്തിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ശന്തനു ഓടിച്ചിരുന്ന കാർ വഴിയിൽ ഓഫായതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം.
പിന്നാലെ ബൈക്കിലെത്തിയ ടിജു കുടുംബവുമായി തർക്കത്തിലേർപ്പെടുകയും ശന്തനുവിനെ മർദ്ദിക്കുകയും ചെയ്തു. ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചും പരിക്കേൽപ്പിച്ചതായാണ് പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും പൊലീസും ചേർന്നാണ് ടിജുവിനെ കീഴടക്കിയത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അവിടെയും ഇയാൾ പരാക്രമം തുടർന്നതായാണ് വിവരം. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ഇറങ്ങി ഓടാനും ടിജു ശ്രമിച്ചു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




