ചേരാനെല്ലൂർ അപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണം… പിഴവ് തിരുത്തി പുതിയ അപ്പീലുമായി…

കൊച്ചി: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഴവ് തിരുത്തി പുതിയ അപ്പീൽ സമർപ്പിച്ച് പ്രോസിക്യൂഷൻ. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേര് മറച്ചുവെച്ചാണ് പുതിയ അപ്പീൽ ഫയൽ ചെയ്തത്. പ്രതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിൽ കഴിഞ്ഞ ദിവസം കോടതി പ്രോസിക്യൂഷനെ വിമർശിച്ചിരുന്നു. എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള കോടതിയാണ് അപ്പീൽ പരിഗണിക്കുന്നത്. അപകടസമയത്ത് വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.

മണിക്കൂറിൽ 108 കിലോമീറ്റർ വേഗത്തിലാണ് വാഹനം സഞ്ചരിച്ചിരുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. മഴയുള്ള സമയത്ത് അപകടസാധ്യത അറിയാമായിരുന്നിട്ടും പ്രതി ഒറ്റക്കൈകൊണ്ട് വാഹനം ഓടിക്കുകയും സെൽഫി എടുക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. ജാമ്യം അനുവദിക്കുന്നതിന് മുമ്പ് ജുവനൈൽ ജസ്റ്റിസ് ബോർഡ് ആവശ്യമായ രേഖകൾ പരിശോധിച്ചില്ലെന്നും പ്രാഥമിക ഘട്ടത്തിൽ തന്നെ ജാമ്യം അനുവദിച്ചെന്നുമാണ് സർക്കാരിന്റെ വാദം. പ്രതിയെ ഒബ്സർവേഷൻ റൂമിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം, അപകടം നടന്ന സ്ഥലത്ത് അഡീഷണൽ ജഡ്ജിയും പതിനേഴുകാരനും സുഹൃത്തുക്കളും മൂന്ന് മണിക്കൂറോളം ചിലവഴിച്ചെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണം.

എന്നാൽ അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ നിഗമനങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടിയെ പിടികൂടിയാൽ രക്ഷിതാവിനെ വിവരം അറിയിക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ പുതിയ അപ്പീലിൽ കോടതി സ്വീകരിക്കുന്ന നിലപാട് കേസിൽ നിർണായകമാകും.

Related Articles

Back to top button