മൂവാറ്റുപുഴ–പുനലൂർ സംസ്ഥാനപാതയിൽ വാഹനാപകടം…. ബൈക്ക് യാത്രക്കാരനായ യുവാവിന്…

വാഴക്കുളം: മൂവാറ്റുപുഴ–പുനലൂർ സംസ്ഥാനപാതയിൽ വേങ്ങച്ചുവട്ടിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തൊടുപുഴ ഉടുമ്പന്നൂർ അമയപ്ര നടുവിലെ മഠത്തിൽ പുരുഷോത്തമ കൈമളിന്റെ മകൻ ഗോകുൽ കൃഷ്ണൻ (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറോടെ വേങ്ങച്ചുവട്ടിലെ സ്കൂളിന് സമീപമായിരുന്നു അപകടം. വാഴക്കുളത്തെ ന്യൂ കെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഗോകുൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

തൊടുപുഴ ഭാഗത്തുനിന്നെത്തിയ കാർ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ഗോകുലിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഗോകുലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കുളം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് 18 വയസുള്ളയാളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, ഇയാളുടെ പ്രായവും ഡ്രൈവിങ് ലൈസൻസ് ഉണ്ടോയെന്ന കാര്യവും സംബന്ധിച്ച് സ്ഥിരീകരിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button