ഇന്ത്യയുടെ സ്ഥിരതയും സമാധാനവും തകർക്കാനുള്ള വിദേശ ശക്തികളുടെ പദ്ധതിയാണ് വിദ്യാർഥി സമരം

ഭരണമാറ്റ പ്രക്ഷോഭങ്ങൾ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയുടെ സ്ഥിരതയും സമാധാനവും തകർക്കാനുള്ള വിദേശ ശക്തികളുടെ പദ്ധതിയാണ് വിദ്യാർഥി സമരമെന്നും അദ്ദേഹം ആരോപിച്ചു. പാശ്ചാത്യ രാജ്യങ്ങൾക്ക് ഇന്ത്യ ഉയർന്നുവരുന്നതിൽ താൽപര്യമില്ല. അടുത്ത തലമുറയാണ് ഭാരതത്തെ നയിക്കേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പൂരിൽ നടന്ന വിജയ ദശമി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ നീച ഉദ്ദേശ്യങ്ങളിൽ നിന്ന് രക്ഷിക്കണം. ഭരണമാറ്റം ഒരിക്കലും പ്രശ്നങ്ങൾ പരിഹരിക്കില്ല. ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകില്ല. ‘ഫ്രാൻസ്, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ഇന്ത്യയിലും അത്തരം ശ്രമങ്ങൾ തുടരുകയാണ്. എന്നാലിവിടെ ഭരണമാറ്റം സംഭവിക്കില്ല. ഇന്ത്യ ഉറച്ച ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുകയാണ്’, നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.




