കോവളം സ്പാ പീഡനം…. ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡ്രീംസ് സ്പായുടെ ബിനാമിയെന്ന് സംശയിക്കുന്ന നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ഉളൂർ സെക്ഷൻ ഓഫീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ അനുരൂപിനെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്പാ നടത്തിയിരുന്നത് ഇയാളുടെ സുഹൃത്താണെങ്കിലും സ്ഥാപനത്തിൽ നിന്നുള്ള പണം ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പതിനാറുകാരി അവസാനമായി താമസിച്ചിരുന്നത് കോവളത്തെ ഡ്രീംസ് സ്പായിലായിരുന്നു. മറ്റൊരു ആയുർവേദ ഡോക്ടർ നടത്തിയിരുന്ന സ്ഥാപനം ഇയാളിൽ നിന്ന് ലീസിനെടുത്താണ് അനുരൂപ് നടത്തിയിരുന്നതെന്നാണ് വിവരം. നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സാഹചര്യത്തിൽ നഗരസഭയുടെ തുടർനടപടികളും ശ്രദ്ധേയമാകും. പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർസംസ്ഥാന മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ടവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സ്പാ നടത്തിപ്പുകാരൻ സജിത്തിനും റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ഈ ബന്ധമാണ് പെൺകുട്ടിയെ കോവളത്തെത്തിക്കാൻ കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ചൂഷണം നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Articles

Back to top button