റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു

താവക്കരയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. കണ്ണൂർ–വടകര റൂട്ടിലോടുന്ന ‘ഐവാൻ’ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ പാനൂർ സ്വദേശി ആവണിക്കും ചെറുപറമ്പ് സ്വദേശി സ്നേഹയ്ക്കും പരിക്കേറ്റു.താവക്കരയിൽ രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വളവിലൂടെ എത്തിയ ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിഎസ്സി വിദ്യാർഥിനികളാണ്. പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസ് കേസെടുത്തു. ബസ് ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



