മല കയറുന്നതിനിടെ ക്ഷീണിതനായ ഏഴുവയസുകാരനെ പാതിവഴിയില്‍ തനിച്ചാക്കി പിതാവ്….

മല കയറുന്നതിനിടെ ക്ഷീണിതനായ തന്റെ ഏഴ് വയസുള്ള മകന് പലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കും നല്കി പാതിവഴിയിൽ തനിച്ചാക്കിയ ശേഷം ജപ്പാനിലെ ഏറ്റവും വലിയ പര്‍വ്വതമായ മൗണ്ട് ഫുജി കയറാന്‍ പോയ പിതാവ് അറസ്റ്റില്‍. വ്യാഴാഴ്ചയായിരുന്നു സംഭവം. നഗോയയില്‍ നിന്നുള്ള 48 വയസ്സുള്ള പിതാവ് ഏഴും പതിമൂന്നും വയസ്സുള്ള തന്റെ മക്കളോടൊപ്പമാണ് മൗണ്ട് ഫുജി കയറാനെത്തിയത്. ആറാമത്തെ ചെക്ക് പോയിന്റിന് സമീപത്തുവെച്ചാണ് ഇളയ കുട്ടിയെ തനിച്ചാക്കി പിതാവ് പോയതെന്ന് ജപ്പാന് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കയറ്റത്തിനിടയില്‍ ക്ഷീണിതനാണെന്ന് ആണ്‍കുട്ടി പരാതിപ്പെട്ടു. ഇതോടെ പിതാവ് കുട്ടിയോട് കാറില്‍ കാത്തിരിക്കാന്‍ പറഞ്ഞ് പോവുകയായിരുന്നുവെന്ന് ഷിസുവോക്ക മേഖലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് എഎഫ്പിയോട് പറഞ്ഞു. പര്‍വ്വതം കയറുന്നത് നിര്‍ത്താതെ കുട്ടിയെ ഉപേക്ഷിച്ച് പോയത് അംഗീകരിക്കാനാവില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



