ബേപ്പൂർ തീരത്ത് ചരക്കുകപ്പൽ മുങ്ങി… കപ്പലിലുണ്ടായിരുന്ന എട്ട് ജീവനക്കാരെയും…

കോഴിക്കോട്: കോഴിക്കോട് ബേപ്പൂർ തീരത്ത് ചരക്കുകപ്പൽ കടലിൽ മുങ്ങി. ബേപ്പൂർ തീരത്തുനിന്ന് 18 നോട്ടിക്കൽ മൈൽ അകലെ ലക്ഷദ്വീപിലെ കവരത്തിയിലേക്ക് ചരക്കുമായി പുറപ്പെട്ട ‘എം.എസ്.വി. ജീസസ് ഹാർട്ട്’ (MSV Jesus Heart) എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11.25 ഓടെയായിരുന്നു സംഭവം. കപ്പലിൽ ഉണ്ടായിരുന്ന എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാർഡ് സമയബന്ധിതമായി ഇടപെട്ട് സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു. വലിയൊരു ദുരന്തമാണ് കോസ്റ്റ് ഗാർഡിന്റെ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിലൂടെ ഒഴിവായത്. കപ്പൽ മുങ്ങാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



