ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗം… നിയമനടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി

കൊച്ചി: പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ സി വി ധനരാജ് വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ ടി ഐ മധുസൂദനൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ നിയമനടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രസംഗത്തിന്റെ പൂർണ വിവരങ്ങൾ പൊലീസ് ശേഖരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുൻ ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസംഗം സമാധാനമല്ല, കലാപമാണ് സൃഷ്ടിക്കുകയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കൊലവിളി പ്രസംഗത്തെ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ന്യായീകരിക്കാൻ കഴിയാത്ത പ്രസ്താവനയാണിത്. പ്രസംഗം പിൻവലിക്കാൻ ടി ഐ മധുസൂദനൻ തയ്യാറാകണമെന്നും സിപിഐഎം നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടാണ് പ്രസംഗത്തിലൂടെ ഉണ്ടായതെന്നും ഇതിന്റെ പൂർണരൂപം പരിശോധിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, ടി ഐ മധുസൂദനനെതിരെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പയ്യന്നൂരിൽ നടന്ന ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു മുൻ എംഎൽഎയുടെ വിവാദ പ്രസംഗം.

‘കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കും’ എന്നായിരുന്നു പ്രസംഗത്തിലെ പരാമർശം. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം. ഇതാണ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. അതേസമയം, ബോർഡ്-കോർപറേഷൻ വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുഡിഎഫിൽ തർക്കമില്ലെന്നും മന്ത്രി പറഞ്ഞു. ജനോപകാരപ്രദമായ നിലപാടുകളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Related Articles

Back to top button