100 കോടിയുടെ ഹവാല കേസ്… മണിക്കൂറുകളോളം വീടുമാറി ഇ.ഡി റെയ്ഡ്

കോഴിക്കോട്: കൊയിലാണ്ടിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീടുമാറി റെയ്ഡ് നടത്തിയ സംഭവം വൻ വിവാദമാകുന്നു. മണിക്കൂറുകളോളം കുടുംബത്തെ അന്യായമായി തടഞ്ഞുവെച്ച ഇ.ഡി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ മാനനഷ്ടത്തിന് പരാതി നൽകുമെന്ന് മത്സ്യത്തൊഴിലാളിയായ നൗഷാദ് വ്യക്തമാക്കി. 100 കോടിയുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് രാവിലെ ആറ് മണി മുതലാണ് കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘം നൗഷാദിന്റെ വീട്ടിൽ പരിശോധന ആരംഭിച്ചത്.

പ്രാഥമിക അന്വേഷണം പോലും നടത്താതെ ഉദ്യോഗസ്ഥർ വീട്ടിൽ കയറി കുടുംബത്തെ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയായിരുന്നു. റെയ്ഡിനെ തുടർന്ന് വീട്ടുകാർക്ക് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ സാധിച്ചില്ല. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിലാണ് മേൽവിലാസം മാറിപ്പോയതാണെന്ന അബദ്ധം ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. പരിശോധനയ്ക്കിടെ താൻ ‘സി.എം ട്രസ്റ്റിൽ’ അംഗമാണോ എന്ന് ഉദ്യോഗസ്ഥർ ചോദിച്ചതായി നൗഷാദ് പറഞ്ഞു. ‘വളപ്പിൽ നൗഷാദ്’ എന്നയാളുടെ വീട്ടിൽ പരിശോധന നടത്താനാണ് ഇ.ഡി എത്തിയതെന്നും എന്നാൽ ഇത് ആ വീടല്ലെന്നും നാട്ടുകാർ പ്രതികരിച്ചു. അതേസമയം, ഹവാല, സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പത്തിടങ്ങളിൽ ഇ.ഡി ഒരേസമയം പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്ക് പുറമെ കുന്ദമംഗലത്തും ഇ.ഡി സംഘം പരിശോധന നടത്തുന്നുണ്ട്.

Related Articles

Back to top button