വിഎച്ച്ഇയുമായി ഉണ്ടാക്കിയ വൈദ്യുതി കരാർ പകൽക്കൊള്ള..

വിഎച്ച്ഇയുമായി ഉണ്ടാക്കിയ വൈദ്യുതി കരാർ പകൽക്കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിറ്റിന് നാല് രൂപയിൽ താഴെ ലഭിക്കേണ്ട കാറ്റാടി വൈദ്യുതി യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങാനാണ് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ കരാറുണ്ടാക്കിയത്. ഈ ഇടപാടിൽ സംസ്ഥാനത്തിന് 252 കോടി രൂപയാണ് നഷ്ടമെന്നും പിണറായി ചൂണ്ടിക്കാട്ടി. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായിയുടെ പ്രതികരണം.

കുറിപ്പ്

4 രൂപയിൽ താഴെ ലഭിക്കേണ്ട കാറ്റാടി വൈദ്യുതി, എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി ടെൻഡറോ റെഗുലേറ്ററി കമ്മീഷൻ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങാൻ വി.ഇ.എച്ച് ഗ്ലോബൽ കമ്പനിയുമായി ഉണ്ടാക്കിയ കരാർ പകൽക്കൊള്ളയാണ്. 496 കോടി രൂപയുടെ ഈ ഇടപാടിൽ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം പെരുപ്പിച്ചു കാണിച്ച വിലയിൽ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുകയാണ്. ഹിമാചൽ പവർ കോർപ്പറേഷനിൽ നിന്നുള്ള വൈദ്യുതി എനർജി എക്‌സ്‌ചേഞ്ചിലെ നിരക്കിനേക്കാൾ ഏറ്റവും കൂടിയ നിരക്കിൽ യൂണിറ്റിന് 14.5 രൂപയ്ക്കാണ് കെ.എസ്‌.ഇ.ബി വാങ്ങിയത്. ഒക്‌ടോബറിൽ 282 കോടി രൂപയുടെ വൈദ്യുതിയാണ്‌ കരാർ പ്രകാരം ഹിമാചലിൽ നിന്നും വാങ്ങിയത്‌. നിയമ-ധന വകുപ്പുകളുടെ പരിശോധനയില്ലാതെ ഇല്ലാതെ ഫയലിന്മേൽ ശരവേഗത്തിൽ മുഖ്യമന്ത്രി നേരിട്ട് ഉത്തരവ്‌ നൽകിയ ഈ രണ്ട് ഇടപാടുകളും ദുരൂഹമാണ്.

കെ.എസ്.ഇ.ബി ചെയർമാനും പവർ സെക്രട്ടറിയും ഒരാൾ തന്നെ ആയിരുന്നത് ചൂണ്ടിക്കാട്ടി വി.ഇ.എച്ച് ഗ്ലോബലുമായുള്ള ഇടപാട് കേവലം ഐ.എ.എസ് തലത്തിൽ നടന്നതുമാത്രമാണെന്ന വിധത്തിൽ ചിത്രീകരിക്കാൻ ശ്രമങ്ങളുണ്ടായി. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഫയൽ നീക്കങ്ങൾ ഇതിനകം പുറത്തു വന്നിരിക്കുകയാണ്. മുഖ്യമന്ത്രി കണ്ടംഗീകരിച്ചാണ് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നിർദ്ദേശം നൽകിയത് എന്ന് അസന്നിഗ്ദ്ധമായി സ്ഥാപിക്കുന്നതാണ് പുറത്തു വന്ന രേഖകൾ.

Related Articles

Back to top button