മാനവീയം വീഥി സ്വകാര്യ സ്വത്താക്കാനുള്ള നീക്കം… മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: മാനവീയം വീഥിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. നവംബർ 14ന് ഗായിക പുഷ്പവതിയുടെ പരിപാടി നടത്താൻ ആരും അപേക്ഷ നൽകിയിട്ടില്ലെന്ന് മേയർ വ്യക്തമാക്കി. ‘മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷ സമിതി’ എന്ന പേരിലാണ് ഓൺലൈനായി അപേക്ഷ ലഭിച്ചതെന്നും മേയർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു. സർക്കാരിന്റെയോ നഗരസഭയുടെയോ പ്രതിനിധികൾ ഉൾപ്പെടാത്ത സമിതിയുടെ പേരിലാണ് അപേക്ഷ ലഭിച്ചതെന്ന് മേയർ ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും കോർപ്പറേഷന് നിയന്ത്രണാവകാശമുള്ളതുമായ മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷം നടത്തുമ്പോൾ സർക്കാരിന്റെയോ കോർപ്പറേഷന്റെയോ പ്രതിനിധികൾ സമിതിയിൽ ഉണ്ടാകേണ്ടതല്ലേയെന്നും മേയർ ചോദിച്ചു. കഴിഞ്ഞ 11 മാസമായി മേയറായി പ്രവർത്തിക്കുന്ന തനിക്ക് മാനവീയം രജതജൂബിലി സാംസ്കാരിക സമിതി എന്ന പേരിൽ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ഇത്തരമൊരു സമിതിയെക്കുറിച്ച് അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും എത്തി തങ്ങളാണ് ആഘോഷ സമിതിയെന്ന് അവകാശപ്പെട്ടാൽ അത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. പാളയം മാർക്കറ്റ് ചിലർ കൈയടക്കിയതുപോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും മേയർ ആരോപിച്ചു.

ഇത്തരം നീക്കം തുടക്കത്തിൽ തന്നെ തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ നിരസിച്ചതിന് കൃത്യമായ കാരണമുണ്ടെന്നും കലാകാരന്മാരെ തടയുന്നുവെന്ന രീതിയിൽ പ്രചാരണം നടത്തുന്നത് യഥാർഥ വിഷയം മറച്ചുവയ്ക്കാനാണെന്നും മേയർ ആരോപിച്ചു. മാധ്യമങ്ങളെയും കലാകാരന്മാരെയും തെറ്റിദ്ധരിപ്പിച്ച് വാർത്ത സൃഷ്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മാനവീയം വീഥി സ്വകാര്യ സ്വത്താക്കാനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി.

Related Articles

Back to top button