ജീവിക്കാൻ അനുവദിക്കില്ല… കോളേജ് വിദ്യാർഥിനികൾക്ക് നേരെ യുവാക്കളുടെ സദാചാര ആക്രമണം… ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: മേപ്പയ്യൂരിൽ കോളേജ് വിദ്യാർഥിനികൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനികളെ ഇരുചക്രവാഹനത്തിലെത്തിയ ഒരു സംഘം യുവാക്കൾ പിന്തുടർന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. യുവാക്കൾ വിദ്യാർഥിനികളെ പിന്തുടരുന്നതിന്റെയും തടഞ്ഞുനിർത്തി തർക്കിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടികളോട് യുവാക്കൾ ആദ്യം കമന്റ് പറയുകയായിരുന്നു.

പിന്നാലെ ഇരുചക്രവാഹനത്തിലെത്തിയ സംഘം ഇവരോട് എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചു. മറുപടി നൽകാതെ മുന്നോട്ടുപോയ വിദ്യാർഥിനികളോട് വീണ്ടും ചോദ്യം ആവർത്തിച്ചതോടെ തർക്കമുണ്ടായി. ‘എന്തിനാണ് കിന്നാരം ചോദിക്കുന്നത്’ എന്ന് ഒരു വിദ്യാർഥിനി ചോദിച്ചതോടെ യുവാക്കൾ വാഹനം റോഡിന് കുറുകെ നിർത്തി താഴെയിറങ്ങി. തുടർന്ന് യുവാക്കളിലൊരാൾ പെൺകുട്ടിയുടെ അടുത്തെത്തി ഭീഷണിപ്പെടുത്തിയെന്നും ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ കൈയിൽ പിടിച്ച് ഫോൺ ബലമായി തട്ടിയെടുക്കാൻ ശ്രമിച്ചെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു. പോലീസിൽ പരാതി നൽകിയാൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി ആരോപിച്ചു. യുവാക്കൾ വിദ്യാർഥിനികളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പിന്നീട് അശ്ലീല പരാമർശങ്ങളോടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

സംഭവത്തിൽ വിദ്യാർഥിനി പയ്യോളി പോലീസിൽ പരാതി നൽകി. കോളേജിന് സമീപം സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണ് തങ്ങളെ ഉപദ്രവിച്ചതെന്ന് വിദ്യാർഥിനി ആരോപിച്ചു. കോളേജിലെ ആൺകുട്ടികളെയും ഇവർ ഭീഷണിപ്പെടുത്താറുണ്ടെന്നും വിദ്യാർഥികൾക്ക് വഴിയരികിൽ ഇരിക്കാനോ ചായ കുടിക്കാനോ പോലും അനുവദിക്കാറില്ലെന്നും പരാതിയിൽ പറയുന്നു. ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ച് കണ്ടാൽ പ്രശ്‌നമുണ്ടാക്കുന്നത് പതിവാണെന്നും വിദ്യാർഥിനി ആരോപിച്ചു. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ കോളേജിലെ മറ്റു വിദ്യാർഥികൾക്ക് നേരെയും ആക്രമണമുണ്ടായെന്നും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button