ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു… പെൺസുഹൃത്തിന്റെ പിതാവ്…

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് പട്ടാമ്പിക്കടുത്ത് തിരുവേഗപ്പുറം സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺസുഹൃത്തിന്റെ പിതാവും കിരണിന്റെ തൊഴിലുടമയുമായ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. യെലഹങ്കയ്ക്ക് സമീപമാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു കിരൺ.

ആനന്ദിന്റെ 19 വയസ്സുള്ള മകളുമായി കിരൺ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. തുടർച്ചയായ അവധി ലഭിച്ചതിനെത്തുടർന്ന് മൈസൂരിൽ പഠിക്കുന്ന യുവതി വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഇതിനിടെ ആനന്ദും ഭാര്യയും തമിഴ്നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി. പിന്നാലെ കിരൺ വീട്ടിലെത്തി. എന്നാൽ അപ്രതീക്ഷിതമായി തിരിച്ചെത്തിയ ആനന്ദ് മകളോടൊപ്പം കിരണിനെ കണ്ടതോടെ പ്രകോപിതനായെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയശേഷം ആനന്ദ് ബാറ്റും പൈപ്പും ഉപയോഗിച്ച് കിരണിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അടിവയറ്റിലുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കിരൺ കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. കിരണിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button