ഞങ്ങൾ മരിച്ചാലും സാമ്പത്തിക ബാധ്യതയെന്ന് പറയും… മുഖ്യമന്ത്രിക്കെതിരെ LPST ഉദ്യോഗാർഥികൾ

തിരുവനന്തപുരം: അധ്യാപക–വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന LPST ഉദ്യോഗാർഥികൾക്ക് മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ അതൃപ്തി. അധ്യാപക–വിദ്യാർഥി അനുപാതം കുറയ്ക്കാൻ കഴിയില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിക്കുകയാണെന്നും സാമ്പത്തിക ബാധ്യതയെക്കുറിച്ച് സർക്കാർ വ്യക്തമായ കണക്കുകൾ പുറത്തുവിടണമെന്നും സമരപ്രതിനിധി വളർമതി ആവശ്യപ്പെട്ടു. 122 ദിവസമായി ദരിദ്രരായ ഉദ്യോഗാർഥികൾ സമരം ചെയ്യുകയാണെന്നും ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വളർമതി പറഞ്ഞു.

സമരത്തിന്റെ ഭാഗമായി തല മുണ്ഡനം ചെയ്യേണ്ടിവന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ അവർ, ഉദ്യോഗാർഥികളുടെ ദുരവസ്ഥ സർക്കാർ മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ടു. അധ്യാപക–വിദ്യാർഥി അനുപാതം കുറയ്ക്കുന്നത് എങ്ങനെയാണ് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കുട്ടികളുടെ കുറവുമൂലം എണ്ണൂറോളം അധ്യാപകർ പുറത്തുപോയെന്നാണ് നിയമസഭയിൽ നൽകിയ കണക്കുകളിലുള്ളതെന്നും വളർമതി പറഞ്ഞു. വിഷയം പഠിക്കാൻ സർക്കാർ 45 ദിവസം സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരാണ് പഠനം നടത്തിയത്, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലെന്നാണ് സമരക്കാരുടെ ആരോപണം. പഠനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖകളും അധ്യാപക–വിദ്യാർഥി അനുപാതം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ കണക്കുകളും സർക്കാർ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.

ഒരു പെൺകുട്ടി തല മുണ്ഡനം ചെയ്തപ്പോൾ തനിക്ക് കണ്ണീരുവന്നെന്ന് പറഞ്ഞ സർക്കാരാണ് തനിക്കെതിരെ മൂന്ന് കേസുകൾ എടുത്തതെന്നും വളർമതി വിമർശിച്ചു. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവർ വ്യക്തമാക്കി. സാമ്പത്തിക ബാധ്യതയെന്ന വാദം ആവർത്തിക്കുന്ന മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമുയർത്തിയ വളർമതി, ഉദ്യോഗാർഥികളുടെ പ്രശ്നം അവഗണിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button