ശബരിമല മിൽമ നെയ്യ് ക്രമക്കേട്… ബിനുവിനെയും ജയലാലിനെയും മൂന്ന് ദിവസത്തേക്ക് വിജിലൻസ്…

കൊല്ലം: ശബരിമലയിലെ മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ കരാറുകാരൻ എസ്.എസ്. ബിനുവിനെയും ദേവസ്വം ജീവനക്കാരൻ ജയലാലിനെയും മൂന്ന് ദിവസത്തേക്ക് വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ നാലും അഞ്ചും പ്രതികളായ ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ നീക്കം. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. നെയ്യ് സ്റ്റോർ സൂപ്രണ്ടിന്റെ ഓഫീസിൽ ജീവനക്കാരനായിരുന്ന ജയലാൽ ദേവസ്വം ബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ്. മിൽമ നെയ്യ് ശബരിമലയിൽ എത്തിച്ചതായി വ്യാജരേഖകൾ തയ്യാറാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
ഗതാഗത കരാറുകാരനായ എസ്.എസ്. ബിനുവിനെയും നേരത്തെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. നെയ്യ് ക്രമക്കേടിലൂടെ ബിനു ലക്ഷങ്ങൾ സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കഴിഞ്ഞ മണ്ഡല–മകരവിളക്ക് തീർഥാടനകാലത്ത് സന്നിധാനത്ത് എത്തിക്കേണ്ടിയിരുന്ന മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പകരം ഗുണനിലവാരം കുറഞ്ഞ നെയ്യാണ് സന്നിധാനത്ത് എത്തിച്ചതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് അന്വേഷണത്തിലെ നിഗമനം. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ ഇടപാടുകളെക്കുറിച്ചും ക്രമക്കേടിൽ ഉൾപ്പെട്ടവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് വിജിലൻസിന്റെ പ്രതീക്ഷ.




