കാണാതായി മണിക്കൂറുകൾക്ക് ശേഷം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഇന്നലെ വൈകിട്ട് മുതൽ കുമാരനല്ലൂരിൽ നിന്നും കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവ് സ്വദേശിനി നിമിഷ ഷാജിയെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിരിക്കെയാണ് ഇന്ന് രാവിലെ ഏഴു മണിയോടെ കുമാരനല്ലൂർ വടക്കേ നടയ്ക്കു സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



