അക്രമം നടത്തിയിട്ടില്ല, പ്രതിയെ തിരിച്ചറിയാനാണ് എത്തിയത്… ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമ ആരോപണത്തിൽ വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും കെഎസ്യു നേതാവ് ഫെനി നൈനാനും. പൊലീസ് സ്റ്റേഷനിൽ യാതൊരു തരത്തിലുള്ള അക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് സ്റ്റേഷനിലെത്തിയതെന്നും ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. സ്റ്റേഷന് അകത്തോ പുറത്തോ അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ല. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങൾ മാത്രമാണ് പൂർത്തിയാക്കിയത്. പ്രതിയെ ഭീഷണിപ്പെടുത്തുകയോ സെല്ലിനുള്ളിൽ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്നും ശ്രീനാദേവി പറഞ്ഞു.
സെല്ലിന് പുറത്തുനിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് പ്രതിയോട് ചോദിച്ചത്. ഇതിനെ അതിക്രമമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളെ അധിക്ഷേപിക്കുന്ന യൂട്യൂബർ രാജനെ പിന്തുണയ്ക്കുന്ന നിലയിലേക്ക് അടൂരിലെ സിപിഎം നേതാക്കൾ അധഃപതിച്ചുവെന്നും ശ്രീനാദേവി ആരോപിച്ചു. എൽഡിഎഫിന് അധികാരം നഷ്ടപ്പെട്ടതിന്റെ ചിത്തഭ്രാന്താണ് സിപിഎം പ്രകടിപ്പിക്കുന്നതെന്നും അവർ വിമർശിച്ചു. സിപിഎം അടൂർ ഏരിയ സെക്രട്ടറി മനോജിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും ശ്രീനാദേവി മുന്നറിയിപ്പ് നൽകി. നിലവിൽ പൊലീസിൽ നിന്ന് നീതി ലഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. അടൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും രംഗത്തെത്തിയിരിക്കുന്നത്.



