വഖഫ് ബോർഡ് പുനഃസംഘടനാ വിവാദം… മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സമസ്ത ഇ.കെ. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സമസ്ത ജനറൽ സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർ കൊയ്യോടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്ന് സമസ്ത നേതൃത്വം പ്രതികരിച്ചു. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
വഖഫ് വിഷയമുൾപ്പെടെയുള്ള സമകാലിക സാഹചര്യങ്ങൾ ചർച്ചയായെന്നും നേതൃത്വം അറിയിച്ചു. സമസ്തയുടെ ശക്തിയും ജനകീയതയും ബോധ്യമുണ്ടെന്നും സംഘടനയ്ക്ക് അർഹിക്കുന്ന പരിഗണന നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. എന്നാൽ, ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറമെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായും സമസ്ത നേതാക്കൾ കൂടിക്കാഴ്ച നടത്തി. സമകാലിക വിഷയങ്ങളിൽ സമസ്തയുടെ നിലപാടുകളും ആവശ്യങ്ങളും നേതൃത്വത്തിന്റെ ചർച്ചകളിൽ ഉയർന്നുവന്നതായാണ് വിവരം. കൂടിക്കാഴ്ചകളുടെ തുടർഫലങ്ങൾ എന്താകുമെന്നത് ഇനി വ്യക്തമാകേണ്ടതുണ്ട്.




