കാർ ബ്രേക്കിട്ടു, സ്കൂട്ടർ മറിഞ്ഞു…. ബസിനടിയിൽപ്പെട്ട് രണ്ട് സുഹൃത്തുക്കൾക്ക്….

കോട്ടയം: പാമ്പാടിയിൽ സ്കൂട്ടർ ബസിനടിയിലേക്ക് മറിഞ്ഞ് ഉറ്റ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അപകടത്തിന് കാരണമായെന്ന് സംശയിക്കുന്ന രീതിയിൽ റോഡിൽ തടസ്സം സൃഷ്ടിച്ചുനിന്നവരെക്കുറിച്ചും അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു. അപകടത്തിന്റെ വ്യക്തമായ ചിത്രം സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നതോടെ സംഭവത്തിൽ സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
പാമ്പാടി ബ്ലോസംവാലി ചൈൽഡ് ഡവലപ്മെന്റ് സെന്റർ ഡയറക്ടറും കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളി വികാരിയുമായ ഫാ. കുര്യാക്കോസിന്റെയും അനിത കുര്യന്റെയും മകൾ കൃപ മെറിൻ കുര്യാക്കോസ് (24), മീനടം വട്ടക്കാവുങ്കൽ വി.വി. തോമസ് (കൊച്ചുമോൻ), മേരി തോമസ് (പൊന്നമ്മ) ദമ്പതികളുടെ മകൾ ആഷ്ലി ആൻ തോമസ് (25) എന്നിവരാണ് മരിച്ചത്. ദേശീയപാത 183ൽ കോത്തല പതിമൂന്നാം മൈലിൽ ബുധനാഴ്ച രാവിലെ 8.45-ഓടെയായിരുന്നു അപകടം. കാനത്തുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു കൃപയും ആഷ്ലിയും. മുന്നിൽ സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിന്നവരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ഇട്ടു. പിന്നാലെ എത്തിയ സ്കൂട്ടർ യാത്രക്കാരും ബ്രേക്ക് ചെയ്തെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടർ മറിഞ്ഞുവീണു. തങ്കമണി–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സി.എം.എസ്. ബസിനടിയിലേക്കാണ് ഇരുവരും വീണത്. ബസിന്റെ പിൻചക്രം ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻ തന്നെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓസ്ട്രേലിയയിൽ പഠിക്കുന്ന കൃപ ഒക്ടോബർ 19-നാണ് നാട്ടിലെത്തിയത്. ആഷ്ലി ഐ.സി.സി.എ. കോഴ്സ് അടുത്തിടെയാണ് പൂർത്തിയാക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



