തൃശ്ശൂരിലെ ബാറിന് മുന്നിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം..പ്രതി പിടിയിൽ…

വധശ്രമക്കേസിലെ പ്രതിയെ വടക്കേക്കാട് പൊലീസ് ബെം​ഗളൂരുവിൽനിന്നും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ എട്ടിന് ആല്‍ത്തറയിലുള്ള ദേവാസുര ബാറിന്റെ മുന്നിൽവെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതി കുഴിങ്ങര പൊന്തയില്‍ സുബി(അബുക്ക-32)നെയാണ് ഞായറാഴ്ച ബെം​ഗളൂരുവിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളെയും വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിനുശേഷം ചെന്നൈ, ബെം​ഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതി. ഇയാളെ പിടികൂടാനായി ഗുരുവായൂര്‍ എ.സി.പി എം.സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ രമേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. തുടർന്ന് പൊലീസ് വേഷംമാറിയെത്തിയാണ് ബെം​ഗളൂരുവിൽനിന്ന് പ്രതിയെ പിടികൂടിയത്. കാപ്പ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ പേരില്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ 25 ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

Related Articles

Back to top button