ബാങ്കിൽ സഹായിക്കാനെന്ന പേരിൽ വയോധികയുമായി സൗഹൃദം; 1.70 ലക്ഷം രൂപ..

ബാങ്കിലെ നടപടിക്രമങ്ങളിൽ സഹായിക്കാമെന്ന് പറഞ്ഞ് വയോധികയുമായി സൗഹൃദം സ്ഥാപിച്ച ശേഷം അക്കൗണ്ടിൽനിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണ (36) ആണ് അറസ്റ്റിലായത്. മുറികല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് പണം തട്ടിയെടുത്തതെന്നാണ് കേസ്.

സെപ്റ്റംബർ 16നാണ് സംഭവങ്ങളുടെ തുടക്കം. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽനിന്ന് വിരമിച്ച ലതയ്ക്ക് ലഭിച്ച ഗ്രാറ്റുവിറ്റി തുകയുടെ ചെക്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനായി മുണ്ടക്കയത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെത്തിയപ്പോഴാണ് ജ്യോതി കൃഷ്ണ പരിചയപ്പെട്ടത്. ബാങ്കിലെ ഫോമുകൾ പൂരിപ്പിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് യുവതി ലതയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.

അടുത്ത ദിവസം ചെക്ക് മാറി തുക അക്കൗണ്ടിൽ എത്തിയതായി ലതയ്ക്ക് ബാങ്കിൽനിന്ന് അറിയിപ്പ് ലഭിച്ചു. ഇതേ ദിവസം ജ്യോതി ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും തുടർനടപടികൾക്കായി ബാങ്കിലെത്താൻ സഹായിക്കുകയും ചെയ്തു. പാസ്‌ബുക്കിൽ പണം രേഖപ്പെടുത്തിയശേഷം മറ്റു ചില ഫോമുകളിലും ഒപ്പിടാൻ യുവതി ലതയോട് ആവശ്യപ്പെട്ടു.

ഈ നടപടികളിലൂടെ ലതയുടെ അക്കൗണ്ടിൽനിന്നുള്ള പണം ജ്യോതിയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ ലത സെപ്റ്റംബർ 26ന് മുണ്ടക്കയം പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ജ്യോതി ഒളിവിൽ പോയി. പിന്നീട് യുവതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

Related Articles

Back to top button