മഴ കുറഞ്ഞതിന് പിന്നാലെ ശക്തമായ മിന്നൽ; അമ്മയ്ക്കും അഞ്ചുവയസ്സുകാരനും…

നെടുമ്പനയിൽ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്കേറ്റു. ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പൊള്ളലേറ്റത്. കുഞ്ഞിന്റെ നില ഗുരുതരമായതിനെ തുടർന്ന് ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. ശ്രീദേവിയും ആദിദേവും മറ്റു രണ്ട് മക്കളും ഭർതൃമാതാവ് നന്ദിനിയും വീട്ടിലെ മുൻവശത്തെ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയി. അപ്പോഴാണ് അപ്രതീക്ഷിതമായി ശക്തമായ ഇടിമിന്നലുണ്ടായത്. മിന്നലേറ്റതോടെ ഇരുവരും നിലത്തുവീണു.
അമ്മയുടെയും കുഞ്ഞിന്റെയും നിലവിളി കേട്ടെത്തിയ വീട്ടുകാർ ഇരുവരും നിലത്തുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. ശ്രീദേവിയുടെ വയറിനും ആദിദേവിന്റെ ശരീരമാസകലവും പൊള്ളലേറ്റിട്ടുണ്ട്.
ആദ്യം നെടുമ്പന ടിബി ആശുപത്രിയിൽ എത്തിച്ച ഇരുവർക്കും പ്രാഥമിക ചികിത്സ നൽകി. പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ നില ഗുരുതരമായതോടെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. തുടർന്നാണ് അമ്മയെയും കുഞ്ഞിനൊപ്പം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്.
ഇടിമിന്നലിൽ വീടിനും വലിയ നാശനഷ്ടങ്ങളുണ്ടായി. വീടിന്റെ ചുവരിനും കിണറിനും കേടുപാടുകൾ സംഭവിച്ചു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും വൈദ്യുത വയറുകൾ കത്തിപ്പോകുകയും ചെയ്തു.
ഉച്ചയ്ക്ക് 12.30 മുതൽ പ്രദേശത്ത് മഴ പെയ്തിരുന്നു. രണ്ടുമണിയോടെ മഴ കുറഞ്ഞെങ്കിലും ഇടിയും മിന്നലും ശക്തമായി തുടർന്നു. ഉഗ്രാംകുന്ന് മേഖലയിൽ മുൻപും വീടിന് ഇടിമിന്നലേറ്റ സംഭവമുണ്ടായിട്ടുണ്ടെന്ന് പഞ്ചായത്തംഗം നിസാമോൾ പറഞ്ഞു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം കെഎസ്ഇബി അധികൃതരുമായും വില്ലേജ് ഓഫിസറുമായും ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു



