ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്… CPIM പ്രവർത്തകരായ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന്…

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഐഎം പ്രവര്‍ത്തകരായ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഉണ്ണികൃഷ്ണന്‍, ദിനീത്, രേവന്ത് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികള്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുകയും സമാനമായ കുറ്റകൃത്യങ്ങളില്‍ വീണ്ടും ഏര്‍പ്പെടുകയും ചെയ്തുവെന്നാണ് പൊലീസിന്റെ വാദം.

കന്റോണ്‍മെന്റ് എസ്ഐ ഗോകുലിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ ഇവർ പ്രതികളായിരുന്നു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലായിരുന്നു ഈ മാർച്ച്. ജാമ്യ വ്യവസ്ഥ പ്രകാരം സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്ന നിർദ്ദേശം ലംഘിച്ചതിനെ തുടർന്നാണ് പൊലീസ് പുതിയ നീക്കം നടത്തിയത്. ഐപി ബിനു ഉൾപ്പെടെയുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സമാന അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

പ്രതികളുടെ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചാലുടൻ കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കഴിഞ്ഞ മെയ് 27-നാണ് സിഎംആര്‍എല്‍ – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. ഇതിനു പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഐഎം പ്രവര്‍ത്തകര്‍ തടയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

Related Articles

Back to top button