ഗണപതി ക്ഷേത്രത്തിലെ പിച്ചള വിഗ്രഹം മോഷ്ടിച്ച പ്രതി ഉരുളി മോഷ്ടിക്കുന്നതിനിടെ….

കൊച്ചി: ഇടപ്പള്ളി ഗണപതി ക്ഷേത്രത്തില്‍ നിന്ന് പിച്ചള വിഗ്രഹവും പണവും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. എളമക്കര പടപുരയ്ക്കല്‍ വീട്ടില്‍ ആര്‍. മഹാരാജ് (64) ആണ് എളമക്കര പൊലീസിന്റെ പിടിയിലായത്. പോണേക്കരയില്‍ പണിക്ക് പോയ മറ്റൊരു വീട്ടില്‍ നിന്ന് ഉരുളി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി ഗണപതി ക്ഷേത്രത്തില്‍ നിന്ന് പിച്ചള വിഗ്രഹവും കാണിക്കവഞ്ചിക്ക് സമീപത്തുണ്ടായിരുന്ന നാരങ്ങ മാലയും പണവും മോഷണം പോയത്.
തുടര്‍ന്ന് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് എളമക്കര പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പ്രതി മറ്റ് മോഷണ ശ്രമത്തിനിടെ കുടുങ്ങിയത്. പ്രതി കതൃക്കടവില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച വിഗ്രഹം കണ്ടെടുത്തു. ഇടപ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്പോണ്‍സര്‍ ചെയ്ത, 24,000 രൂപ വിലവരുന്ന ഗണപതി വിഗ്രഹമാണ് കണ്ടെടുത്തത്. എ.സി.പി. സിബി ടോമിന്റെ നിര്‍ദേശപ്രകാരം സ്പെഷല്‍ സ്ക്വാഡിലെ എസ്.ഐ. അഫ്സല്‍, സീനിയര്‍ സി.പി.ഒ. ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.




