ജി വി രാജ അവാർഡുകൾ പ്രഖ്യാപിച്ചു

2025-26 വർഷത്തെ ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു. ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് ലഭിച്ചു. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ, ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഫൈനൽ പ്രവേശനം, കോണ്ടിനെൻ്റൽ ടൂറുകളിലെ വിജയങ്ങൾ എന്നിവയ്ക്കാണ് പുരസ്കാരം. വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്കാണ് പുരസ്കാരം.ഏഷ്യൻ വനിതാ ടീം ചാമ്പ്യൻഷിപ്പിലെ സ്വർണ്ണം, കോമൺവെൽത്ത് ഗെയിംസിൽ ടീം വെങ്കലവും വനിതാ ഡബിൾസ് വെങ്കലവും, ഏഷ്യൻ മിക്സഡ് ടീം വെങ്കലം, ഓൾ ഇംഗ്ലണ്ട് സെമി ഫൈനൽ പ്രവേശനം എന്നീ നേട്ടങ്ങൾ പരിഗണിച്ചാണ് അവാർഡ്.



