സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം… 12 കാരിക്ക്…

പാലക്കാട്: ലക്കിടിയിൽ സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ഫിയാ ഫാത്തിമ (12) ആണ് അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെയാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. പാലക്കാട് ഭാഗത്തുനിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന് പിറകിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് ഒരു സ്കൂട്ടറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഫിയാ ഫാത്തിമയുടെ പിതാവ് ആസിഫ് (36), മാതാവ് സുമയ്യ (33), രണ്ട് സഹോദരങ്ങൾ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ മാതാപിതാക്കളെയും സഹോദരങ്ങളെയും ഉടൻ തന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.




